Thursday, August 27, 2020

വിമതന്റെ പതനം-ഒരു ചെറു കഥ

 



വീറോടെയായിരുന്നു ആ മഞ്ഞുകാലം മനുഷ്യനെ തറച്ചത്; അസ്ഥികളെ തുളച്ചും പോകുന്നുണ്ടായിരുന്നു സുപ്രഭാതത്തിലെ ഉശിരൻ കാറ്റ്.ബീനയും അമ്മയും കുഞ്ഞും തിരക്കില്ലാത്ത ആ ബസിന്റെ പിൻഭാഗത്തു ഒതുങ്ങിക്കൂടിയതാണ്. അപ്പൊഴും ഇഴഞ്ഞു തന്നെയാണ് കൊട്ടിയത്തു നിന്നും പുറപ്പെട്ട വാഹനത്തിന്റെ ഗതി. ഇടയ്ക്കിടെ ഓരോ നിർഘോഷവും ബീനയുടെ നെഞ്ചിനെ വെട്ടിപ്പിളർക്കുന്ന കണക്കു അലട്ടി. അവളുടെ അമ്മ ത്രേസിയാ വേദനയുടെയും, മകൾ നാളെ അനുഭവിക്കേണ്ടി വരുന്ന യാതനയും, ഒറ്റപ്പെടലും ഓർത്തു തളർന്നിരുപ്പായി. 

സമയം അഞ്ച് മണി കഴിഞ്ഞിട്ടും കൊഴിഞ്ഞ രാവിന്റെകറകലർന്ന സുഗന്ധം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു—‘എന്തൊരു അവസ്ഥയാണിത്?’ ആ പെൺകുട്ടി ഒന്നു ഇറുകി വേദനിച്ചപ്പോൾ മനസ്സു ചോദിച്ചു.

ബീനയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിസ്സഹായതഅവിടെത്തന്നെ തങ്ങി നിന്നു. എവിടയോവച്ച് വണ്ടിക്കാരന് ഒരൽപ്പം സഞ്ചാര ലഹരി കയറിയതുപോലെ തോന്നി,വേഗത്തിലായി പിന്നെ അങ്ങോട്ട്.ബീനയുടെ മടിയിൽ ഇരുന്നു ഉറങ്ങുന്ന രണ്ടു വയസ്സുകാരി മറിയക്ക് യാതൊരു തരത്തിലും അറിയില്ല മനസ്സുകളുടെ നിഗൂഢത,കയ്യിലെ പാൽക്കുപ്പി അപ്പാടെ ചുണ്ടിൽ വെച്ച് അവൾ മയങ്ങി.പെട്ടന്നുള്ള വാഹനത്തിന്റെ വേഗത ബീനയ്ക്ക് ഒരു ആശ്വാസ വായു നൽകി.കയ്യേറ്റ രാഷ്ട്രീയ പ്രവർത്തകരുടെ ആക്രമണത്തിൽപെട്ട് മരണത്തിനു മല്ലടിക്കുന്ന തന്റെ പ്രിയതമൻ വിജയനെഒന്നു കെട്ടിപ്പുണരണംഇനിയുമുണ്ടല്ലോ ഒരൽപ്പം പ്രത്യാശയുടെ ആ ഇടറിയ അലർച്ച.

നല്ലപോലെ സൗന്ദര്യപ്പിണക്കം പലപ്പോഴൊക്കെയും അവരുടെ ദാമ്പത്യത്തെ പിടിച്ചു കുലുക്കി എങ്കിലും ജീവിത സ്വപ്നങ്ങൾക്കു അവർ ഒരൽപ്പം പോലും കുറവു വരുത്തിയിരുന്നില്ല. പ്രതീക്ഷകൾ കൂടിയും കുറഞ്ഞും പോകുന്നുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ വാക്കുതർക്കങ്ങളും പിരിഞ്ഞു നിൽക്കലും പതിവായിരുന്നു.മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു അവരുടെ പ്രണയ വിവാഹം; സാമ്പത്തികമായി വിജയൻ ഉന്നമനല്ലങ്കിലും കലാപരമായി മിടുമിടുക്കനും നല്ലൊരു ധൈര്യശാലിയുമായിരുന്നു. സർവകലാശാലയിൽ നാനാ കലകളിയും ഖ്യാതിയാർജിച്ച അയാൾ നല്ലൊരു പ്രഭാഷകനുമായിരുന്നു.കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട് പോയ വിജയന് അമ്മാവനായിരുന്നു സംരക്ഷണം നൽകിയത്.കഷ്ടപ്പാടിന്റെ രുചി ശരിക്കും അറിഞ്ഞു തന്നെയാണ് അയാൾ അറിവ് സമ്പാദിച്ചത്.സ്വന്തം അച്ഛന്റെ സമ്പാദ്യമായി അയാൾക്ക്‌ ഒരു ചെറിയ വീടും അതിനു ചുറ്റും ഒരൽപം ഭൂമിയും ഉണ്ടായിരുന്നു. നിരവധി വർഷങ്ങളായി വാടകയ്ക്കു കൊടുത്തിരുന്ന ആ വീട്ടിൽ വാടകക്കാർ ഒഴിഞ്ഞപ്പോൾ ബീനയെ വിവാഹം കഴിച്ചു അവിടേക്കാണ് അയാൾ കൊണ്ടു പോയത്.

നല്ലതും ചീത്തയുമായ ഒത്തിരി ഗുണങ്ങൾ അയാൾക്കുണ്ടായിരുന്നു.'എന്തുംനേരിടുന്നവൻ', 'കലഹക്കാരൻ','വിമതൻ' എന്നൊക്കെ അയാളെ ഇഷ്ടമില്ലാത്ത സഹപാഠികൾ വിളിച്ചപ്പോൾ അവനു താങ്ങായി,തുടക്കം മുതൽ ഒരു മികച്ച സുഹൃത്തായ് ബീന ഉണ്ടായിരുന്നു. ആ സൗഹൃദ ചേർച്ച അവരെ പ്രണയബദ്ധരാക്കി മാറ്റുകയായിരുന്നു. കൊട്ടിയത്തെ സ്വഭവനത്തിൽ നിന്നും പഠനത്തിനായി തിരുവനന്തപുരത്തെ സർവകലാശാലയിൽ അവൾ എത്തുമ്പോൾ പലരും വിജയന്റെ കൂട്ടുകാരി എന്ന തിരിച്ചറിവും നൽകിയിരുന്നു.

ഒരുകാലത്ത് വിജയനറിയാത്ത പാതകളൊന്നും തിരുവന്തപുരത്തു അന്നില്ല, അതുപോലെതന്നെ ഇരഭിപ്രായ ജനസമൂഹം വിദ്യാർത്ഥി രാഷ്ട്രീയം തലയ്ക്കു പിടിച്ച അയാളുടെ ആശയങ്ങൾ കേട്ടു ഭയന്നലറി. അവന്റെ കണ്ണുകളിലെ നക്ഷത്ര തിളക്കം കണ്ടു അമ്പരന്നു പോയ സൗഹൃദ വലയം അവനെ ഉയർത്തിയത് പോലെ ആളൊഴിഞ്ഞ സമയത്തു താഴ്ത്താനും നോക്കി.

കലാബിരുദ പഠനത്തിന്റെ അവസാന വർഷം ആഴത്തിലായി അവരുടെ പ്രേമം.എന്നാൽ കയ്പ്പേറിയ തരത്തിലായിരുന്നു ഈ വിവരം ചെവികൊണ്ട ബീനയുടെ അച്ഛൻ തോമാച്ചന്റെ പ്രീതികരണം. "ഇതു നേരേ നടത്തമല്ല ,നിർത്തിക്കോ വേഗം." എന്നായിരുന്നു വസ്തു കച്ചവടക്കാരനായിരുന്ന അയാൾ ഇതറിഞ്ഞു അലറിയത്. എന്നാൽ ബീനയ്ക്കു സ്നേഹിച്ചു ആഴം താണ്ടിയ ഹൃദയത്തെ വഞ്ചിക്കാൻ ഒരിക്കലും കഴിഞ്ഞില്ല,അവൾ ചങ്കുറപ്പോടെ മാന്യമായ് പറയുക തന്നെ ചെയ്തു അപ്പനോട് "ഞാൻ സ്നേഹിച്ചുപോയി അപ്പാ,ഞങ്ങൾ വിവാഹം കഴിച്ചോട്ടെ."

വിജയന്റെ സാമ്പത്തിക പ്രശ്നം മാത്രമായിരുന്നില്ല തോമാച്ചനെ ഇതിൽ നിന്നും അലട്ടിയത്,മതഭിന്നത നിലനിന്ന ആ ജനസമൂഹത്തെ താൻ എങ്ങനെ അഭിമുഖീകരിക്കും എന്നൊരു ചോദ്യം കൂടെ ആയിരുന്നു.എന്തൊക്കെ പറഞ്ഞു അയാൾ അവളെ പിന്തിരിപ്പിക്കാൻ നോക്കിയിട്ടും അവൾ വഴങ്ങിയില്ല,അവസാനം തോമാച്ചൻ പകുതി മനസോടു കൂടി മകളുടെ ആഗ്രഹം നിറവേറ്റി കൊടുക്കുകയായിരുന്നു.വിവാഹം കഴിച്ചു വിജയന്റെ ഒപ്പം പോയ ശേഷം തുടങ്ങിയ മകളുടെ ബുദ്ധിമുട്ടുകൾ തോമാച്ചനും ത്രേസിയയും ശരിക്കും അറിയുന്നത് വിജയന്റെ അയൽവാസി ആശാരിപ്പണിക്കാരനായ രാജുവിൽ നിന്നാണ്. കൊട്ടിയത്തു ജനിച്ച അയാൾ പണി ആവശ്യത്തിനായി തിരുവന്തപുരത്തേക്കു മാറി താമസത്തിനു പോയതാണ്.രാജുവിനു കിഴക്കേകോട്ട ഉള്ള കുറച്ചു സ്ഥലം വർഷങ്ങൾക്കു മുൻപ് തോമാച്ചൻ ചുളുവ് വിലക്ക് മേടിച്ചു കൊടുക്കുക വഴി, അവിടെ അയാൾ ഒരു വീട് പണിതു താമസിക്കുകയായിരുന്നു.ഇതിനുള്ള കടപ്പാട് രാജു തീർത്തത് വർഷങ്ങൾക്കു ശേഷം,അപ്രതീക്ഷിതമായി തോമാച്ചന്റെ മകളെ തിരിച്ചറിഞ്ഞ അയാൾ തോമാച്ചനെ വാർത്തകൾ വള്ളി പുള്ളി വിടാതെ അറിയിക്കുകയായിരുന്നു.ഒരിക്കൽ അയാൾ തോമാച്ചനെ വീട്ടിൽ പോയി കണ്ടു കാര്യം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

"അണ്ണാ,അവൻ അറിവുള്ള നല്ലൊരു ചെറുപ്പക്കാരൻ ആണ്, എന്നാൽ അറിവു അൽപ്പം കൂടിയോ എന്നൊരു സംശയം ഉണ്ട്,അവനു ഭാര്യയോടൊപ്പം കഴിയാൻ ഒരൽപ്പം പോലും സമയമില്ല പോലും, അണ്ണന്റെ മകളുടെ ജീവിതം അല്പം ബുദ്ധിമുട്ടിലാണ്,നല്ല വിവരം ഉള്ള അവന് ഈ 'രാഷ്ട്രീയ പ്രവർത്തനമല്ലാതെ' വേറൊരു കുറുക്കു നൂരുന്ന പണിക്കും പോകാൻ താല്പര്യം ഇല്ല.അവർ തമ്മിൽ എന്നും വഴക്കാണ്.. സംശയവും, വിശ്വാസ കുറവുമാണ് ഇവർ തമ്മിലുള്ള എല്ലാ പ്രശ്നത്തിനും കാരണം;എന്നാലും അവനെ തള്ളികളയണ്ട,എന്നേലും നന്നാവും,ഈ രാഷ്ട്രീയ-മത ഭ്രാന്തു ഒന്ന് നിറുത്തിയാൽ എല്ലാം നേരെയാകും.ഞാൻ അണ്ണന്റെ മകളാണെന്ന്‌ അറിഞ്ഞപ്പോ തന്നെ വന്നു കാര്യം പറഞ്ഞു."

"അവൾക്കത് വിധി രാജു,ഞാനിനി എന്ത് ചെയ്യും, എല്ലാം അവളുടെ ഇഷ്ടത്തിന് ചെയ്തതാണ്, ഞാൻ കുറെ കാര്യങ്ങളൊക്കെ അറിയുന്നുണ്ട്;ഈ ഇടയ്ക്ക് തമ്പാന്നൂർ ഒരിടത് അവനുണ്ടായിരുന്ന കണക്കെഴുത്തു ജോലി അവനും അവന്റെ കൂട്ടുകാരും കൂടെ കയ്യാങ്കളി കളിച്ചു കളഞ്ഞു.വിവാഹം കഴിഞ്ഞ സമയത്തു അവൾക്കായി ഞാൻ കുറച്ചു കാശു കൊടുത്തു വിട്ടതാണ് രാജൂ,അതവൻ രാഷ്ട്രീയ മെത്തയിൽ വെയ്ക്കുന്നു എന്ന് കേട്ടു, വലിയ ദുഃഖം തോന്നി."

ഇതായിരുന്നു തോമാച്ചന്റെ മറുപടി അന്ന്, എന്നാൽ പല പ്രാവശ്യമായി തോമാച്ചനും ഭാര്യയും ഒത്തുതീർപ്പിനായി തിരുവന്തപുരത്തേക്കു പോയി വരുക പതിവായിരുന്നു,എന്നിട്ടും കലഹം തീർന്നില്ല,സ്വഭാവ ദൂഷ്യവും മാറിയില്ല, മകൾക്കു ഭർത്താവിലുള്ള വിശ്വാസം തകർന്നെന്ന് തോന്നിയും, വിജയന്റെ പിടിച്ചടക്കാൻ കഴിയാത്ത ദേഷ്യം മകളെ അലട്ടുന്നു എന്നറിഞ്ഞ ആ അച്ഛൻ രണ്ടു മാസം മുൻപ് ഒരു ഹൃദയാഘാതം വന്നു മരിച്ചു പോയി.

രാജുവിന്റെ പുലർച്ചെയുള്ള ടെലിഫോണ് സന്ദേശം ഞെട്ടലോടെയാണ് പിണങ്ങി, മാസങ്ങളായി സ്വന്തം ഭവനത്തിൽ കഴിഞ്ഞിരുന്ന ബീനയെ ഉണർത്തിയത്.പുലർച്ചെ നാല് മണിക്ക് വിജയനൊരു അപകടം പറ്റിയെന്നും, അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെന്നുമായിരുന്നു സന്ദേശം; കേട്ടപ്പോൾ തന്നെ അമ്മയും അവളും കുഞ്ഞുമായി ഇറങ്ങിതിരിച്ചതാണ്. ആറ് പത്തോടു കൂടി വണ്ടി മെഡിക്കൽ കോളേജ് ആസ്പത്രി നടയിൽ നിർത്തി,ബീനയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു,വിജയന് എന്തേലും സംഭവിച്ചോ എന്ന് അവൾ ആഴത്തിൽ ചിന്തിച്ചു പോയി. 'എല്ലാ സംശയങ്ങളും ഒടുങ്ങണേ യെശോ ....' എന്നാണ് ബീനയുടെ ഉള്ളു പിടഞ്ഞു കരഞ്ഞത്.

വേഗം വേഗം നടന്നപ്പോൾ നേർത്ത മഞ്ഞു തുള്ളികൾ അവർക്കു നേരെ പതിയുന്നുണ്ടായിരുന്നു.അത് കൈ കൊണ്ട് തുടച്ചു ബീന മുന്നോട്ടു നീങ്ങിപ്രതിധ്വനിയായി ആ സന്ദേശം അവളെ അലട്ടികൊണ്ടിരുന്നു. ഓടി കിതച്ചു അത്യാഹിതവിഭാഗത്തിൽ എത്തിയ അവളും അമ്മയും കുഞ്ഞും നല്ലപോലെ ഒരു തിരക്കിനിടയിൽ പെട്ടു, പലതരത്തിലുള്ള ആളുകൾ വരുകയും മരിച്ചും പോകുന്ന കാഴ്ചകൾ അവർ കാണുകയിടയായി. അനേഷിച്ചു അനേഷിച്ചു അവസാനം ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിൽ അവർ ചെന്ന് പെട്ടു.മുഖം കുനിച്ചു മൂന്നു പേർ, എല്ലാപേരും ഖദർ ധരിച്ചിരുന്നു, കൂട്ടത്തിൽ ഒരാളുടെ കൈയിൽ ഒരു കറുത്ത കൊടി ബീന ശ്രദ്ധിക്കുകയുണ്ടായി; അവൾ അവിടെ സ്‌തംഭിച്ചു നിന്നു. കൃതിമ ശ്വാസം നൽകി കൊണ്ട് ഒരു രോഗിയെ കടത്തിയതിനിടയിൽ കൂടെ രാജുവും വിജയന്റെ അമ്മാവനും കടന്നു വന്നു ബീനയെയും അമ്മയേയും തിരിച്ചറിഞ്ഞു. 'മകളെ അവൻ പോയി, നിമിഷങ്ങൾക്ക് മുന്നേ...'

രാജു അറിയിച്ച ഈ ദുഃഖ വാർത്ത കേട്ടപാടെ ഒരു ഭ്രാന്തിയെ പോലെ പൊട്ടി കരഞ്ഞുപോയി ബീന. അവളെ സമാധാനിപ്പിക്കാൻ എത്തിയ ചെറുപ്പക്കാരെ തുറിച്ചു നോക്കി, തല കുനിച്ചു കൈ ചേർത്ത് ഇരുന്നു. രാഷ്ട്രീയ പ്രീതിക്കാരത്തിന്റെ ബലിയാടായി കുടുംബം മറന്നു പോയ വിജയന്റെ ചേതനയറ്റ ശരീരം കെട്ടി മൂടി പുറത്തിറക്കിയപ്പോൾ ബീന ഓടി വന്നു എല്ലാം മറന്നു ഒന്ന് കെട്ടി പിടിച്ചു ഉമ്മ നൽകി. അവളുടെ 'അമ്മ അവളെ ആശ്വസിപ്പിച്ചു ഒരു കസേരയിൽ കൊണ്ടിരുത്തി. ശരീരം പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങി.

ആ തിരക്കുകൾക്കിടയിൽ അടുത്തുനിന്ന ഏതോ ഒരു സ്ത്രീ പിറുപിറുക്കുണ്ടായിരുന്നു ഇങ്ങനെ:

"ഈ ചെറുപ്പക്കാർക്ക് എല്ലാം എന്ത് പറ്റുന്നു എന്നറിയില്ല, നാട് നന്നാക്കാൻ ജീവിതം നഷ്ടപ്പെടുത്തി ഇറങ്ങുന്നു, കുടുംബത്തിന് കണ്ണീർപുഴ, മെച്ചം എന്ത്? മിച്ചം ഇല്ല...."

നിതിൻ പർപ്പിൾ

ചിത്രീകരണം: നിതിൻ പർപ്പിൾ

 

No comments: